ജനപ്രിയ ഇൻസ്റ്റന്റ് മെസേജിങ് പ്ലാറ്റ്‌ഫോമായ വാട്സ്ആപ്പ് കഴിഞ്ഞ ദിവസമാണ് ഏറെ നാളത്തെ കാത്തിരിപ്പ് അവസാനിപ്പിച്ച് മൾട്ടി ഡിവൈസ് സപ്പോർട്ട് അവതരിപ്പിച്ചത്. ആൻഡ്രോയിഡ്, ഐഒഎസ് ഡിവൈസുകളിൽ ഇത് ലഭ്യമാക്കിയിരുന്നു. ഇപ്പോഴിതാ മെറ്റയുടെ ഉടമസ്ഥതയിലുള്ള പ്ലാറ്റ്‌ഫോം കമ്മ്യൂണീസ് എന്ന പേരിലുള്ള പുതിയ ഫീച്ചർ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണെന്നാണ് റിപ്പോർട്ട്. പേര് സൂചിപ്പിക്കുന്നത് പോലെ ഈ പുതിയ ഫീച്ചർ ഗ്രൂപ്പ് അഡ്മിൻമാർക്ക് കൂടുതൽ പവർ നൽകുന്നതായിരിക്കും.
വാട്സ്ആപ്പ് കമ്മ്യൂണിറ്റീസ്
എക്സ്ഡിഎ ഡെവലപ്പേഴ്സ് എന്ന ടെക് വെബ്സൈറ്റാണ് ആദ്യ വാട്സ്ആപ്പ് കമ്മ്യൂണിറ്റീസ് എന്ന ഫീച്ചർ പുറത്തിറക്കാനുള്ള തയ്യാറെടുപ്പിതാണ് എന്ന് റിപ്പോർട്ട് ചെയ്തത്. പിന്നാലെ വാബെറ്റഇൻഫോ എന്ന വെബ്സൈറ്റും ഇക്കാര്യം സ്ഥിരീകരിച്ചു. വാട്സ്ആപ്പിന്റെ പുതിയ പ്രൈവസി പോളിസിയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ ജനപ്രീതി നേടിയ ടെലിഗ്രാം, സിഗ്നൽ തുടങ്ങിയ പ്ലാറ്റ്ഫോമുകളെ നേരിടാനായിട്ടാണ് വാട്സ്ആപ്പ് കമ്മ്യൂണിറ്റി ഫീച്ചറിലൂടെ ലക്ഷ്യമിടുന്നത്. കമ്മ്യൂണിറ്റീസ് ഫീച്ചർ ഗ്രൂപ്പ് അഡ്മിൻമാർക്ക് കൂടുതൽ അധികാരം നൽകുമെന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്.
നിലവിലുള്ള ഗ്രൂപ്പുകൾക്കുള്ളിൽ തന്നെ ഗ്രൂപ്പുകൾ ഉണ്ടാക്കാൻ ഗ്രൂപ്പ് അഡ്മിൻമാരെ സഹായിക്കുന്ന ഫീച്ചർ കൂടിയായിരിക്കും കമ്മ്യൂണിറ്റീസ്. ഡിസ്‌കോർഡ് കമ്മ്യൂണിറ്റിക്ക് കീഴിൽ ചാനലുകൾ വിഭജിച്ചിരിക്കുന്നതുപോലെ തന്നെയാണ് ഇത് പ്രവർത്തിക്കുന്നത്. കമ്മ്യൂണിറ്റി ഇൻവൈറ്റ് ലിങ്ക് വഴി പുതിയ ഉപയോക്താക്കളെ ക്ഷണിക്കാനും പരസ്പരം കണക്ട് ചെയ്യാനും ഈ ഫീച്ചർ അഡ്മിൻമാരെ സഹായിക്കും. കമ്മ്യൂണിറ്റി ചാറ്റുകൾ എങ്ങനെയായിരിക്കും എന്ന കാര്യം റിപ്പോർട്ടുകൾ ഒന്നും തന്നെ വ്യക്തമാക്കിയിട്ടില്ല.
എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ
ഉപയോഗിച്ച് കമ്മ്യൂണിറ്റീസ് ചാറ്റുകൾ സുരക്ഷിതമാകുമെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്. ഇതിലൂടെ കമ്മ്യൂണിറ്റി ഫീച്ചർ വഴി കൈമാറ്റം ചെയ്യപ്പെടുന്ന എല്ലാ ചാറ്റുകളും ലോക്ക് ചെയ്യപ്പെടും. അയയ്‌ക്കുന്നവർക്കും സ്വീകരിക്കുന്നവർക്കും അല്ലാതെ മറ്റാർക്കും ഈ മെസേജുകൾ കാണാൻ സാധിക്കില്ല. വാട്സ്ആപ്പിനോ അതിന്റെ ഉടമസ്ഥരായ മെറ്റയ്ക്കോ പോലും വാട്സ്ആപ്പ് വഴി രണ്ട് പേർ നടത്തുന്ന ചാറ്റിലേക്ക് ആക്സസ് ലഭിക്കില്ല.
വാട്സ്ആപ്പ് ഗ്രൂപ്പ് ചാറ്റുകൾ
റിപ്പോർട്ടുകൾ പ്രകാരം,കമ്മ്യൂണിറ്റീസ് ഫീച്ചറിന് കീഴിലുള്ള ചാറ്റുകൾ പതിവ് വാട്സ്ആപ്പ് ഗ്രൂപ്പ് ചാറ്റുകളെ അപേക്ഷിച്ച് സൂക്ഷ്മമായ ഡിസൈൻ മാറ്റത്തോടെയായിരിക്കും വരുന്നത്. കമ്മ്യൂണിറ്റി ഐക്കണുകൾ വൃത്താകൃതിയിലാകുന്നതിന് പകരം ചതുരാകൃതിയിൽ ആയിരിക്കും കാണിക്കുകയെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഈ ഫീച്ചർ എല്ലാ ഉപയോക്താക്കൾക്കും ഔദ്യോഗികമായി എപ്പോൾ ലഭ്യമാക്കും എന്നതിനെക്കുറിച്ച് ഒരു വിവരവും പുറത്ത് വന്നിട്ടില്ല. 2021 അവസാനമോ 2022 ആദ്യമോ പുതിയ ഫീച്ചർ ഉപയോക്താക്കൾക്ക് ലഭ്യമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മൾട്ടി ഡിവൈസ് സപ്പോർട്ട്
വാട്സ്ആപ്പ് കഴിഞ്ഞയാഴ്ച്ച അവതരിപ്പിച്ച മൾട്ടി-ഡിവൈസ് സപ്പോർട്ട് എല്ലാ ഉപയോക്താക്കൾക്കും ലഭ്യമാണ്. പ്രൈമറി ഡിവൈസിൽ ഇന്റർനെറ്റ് കണക്ഷൻ ഇല്ലെങ്കിൽ പോലും ഉപയോക്താക്കൾക്ക് വാട്സ്ആപ്പ് വെബിലേക്ക് ലോഗിൻ ചെയ്യാൻ സഹായിക്കുന്ന ഫീച്ചറാണ് വാട്സ്ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്. നേരത്തെ യുഎസ്പി ലിങ്ക് ചെയ്‌ത ഉപകരണങ്ങൾക്ക് കീഴിൽ ലഭ്യമായ സാധാരണ വാട്ട്‌സ്ആപ്പ് വെബ് ഫീച്ചർ പ്രൈമറി ഡിവൈസിൽ ആക്ടീവ് കണക്ഷൻ ഇല്ലാതെ പ്രവർത്തിക്കില്ല എന്ന കാര്യം ശ്രദ്ധേയമാണ്.
സ്‌മാർട്ട്‌ഫോണിൽ ഇന്റർനെറ്റ് ഇല്ലെങ്കിലും വാട്സ്ആപ്പ് വെബ് ഉപയോഗിക്കാം?
നിങ്ങളുടെ ഫോണിൽ ഇന്റർനെറ്റ് ഇല്ലെങ്കിലും വാട്സ്ആപ്പ് വെബ് ഉപയോഗിക്കാൻ സാധിക്കും. ഇതിനായി കണക്ഷൻ ഉള്ള സമയത്ത് തന്നെ നിങ്ങൾ ലാപ്ടോപ്പിലോ ഡെസ്ക്ടോപ്പിലോ ലോഗിൻ ചെയ്യേണ്ടതുണ്ട്. ഇന്റർനെറ്റ് കണക്ഷൻ ഇല്ലാതെ ഡിവൈസുകൾ ലോഗിൻ ചെയ്യാൻ സാധിക്കില്ല. ഇത്തരത്തിൽ ലിങ്ക് ചെയ്ത് കഴിഞ്ഞാൽ പിന്നീട് സ്‌മാർട്ട്‌ഫോൺ ഇല്ലാതെ തന്നെ ഇന്റർനെറ്റ് ഉപയോഗിക്കാൻ സാധിക്കും. ഇതിനായി ചെയ്യേണ്ടത് എന്താണെന്ന് നോക്കാം.
വാട്സ്ആപ്പ് വെബ്
• നിങ്ങളുടെ ഫോണിൽ വാട്സ്ആപ്പ് തുറന്ന് സ്‌ക്രീനിന്റെ മുകളിൽ വലത് കോണിലുള്ള മൂന്ന് ഡോട്ടുകളുള്ള ഐക്കണിൽ ടാപ്പ് ചെയ്യുക.
• ലിങ്ക്ഡ് ഡിവൈസ് എന്ന ഓപ്ഷനിൽ ടാപ്പ് ചെയ്‌ത് 'മൾട്ടി-ഡിവൈസ് ബീറ്റ'യിൽ വീണ്ടും ടാപ്പ് ചെയ്യുക. ഇത്രയും ചെയ്താൽ ഈ ഫീച്ചർ എന്താണെന്ന് വിശദീകരിക്കുന്ന ഒരു പേജ് വാട്സ്ആപ്പ് കാണിച്ച് തരും.
• 'ജോയിൻ ബീറ്റ' എന്ന ബട്ടണിൽ ടാപ്പ് ചെയ്‌ത് 'കണ്ടിന്യൂ' ബട്ടൺ അമർത്തുക. ക്യൂആർ കോഡ് സ്കാൻ ചെയ്തുകൊണ്ട് നിങ്ങളുടെ സ്മാർട്ട്ഫോൺ വാട്സ്ആപ്പ് വെബിലേക്ക് ലിങ്ക് ചെയ്യാൻ സാധിക്കും.
Post a Comment