Advertisement

വാട്സ്ആപ്പിലെ ലാസ്റ്റ് സീൻ തിരഞ്ഞെടുത്ത കോൺടാക്റ്റുകളിൽ നിന്നും മറച്ചുവെക്കാം..

മെറ്റയുടെ ഉടമസ്ഥതയിൽ ഉള്ള ഇൻസ്റ്റന്റ് മെസേജിങ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പ് ഓരോ അപ്ഡേറ്റിലും മികച്ച പുതിയ സവിശേഷതകൾ അവതരിപ്പിക്കുന്നുണ്ട്. മികച്ച ഉപഭോക്തൃ അനുഭവത്തിനും സുരക്ഷയ്ക്കും പ്രാധാന്യം നൽകിയാണ് വാട്സ്ആപ്പ് സവിശേഷതകൾ പുറത്തിറക്കുന്നത്. ഇപ്പോഴിതാ നിരവധി ആളുകൾ കാത്തിരുന്ന വാട്സ്ആപ്പിന്റെ ഒരു ഫീച്ചർ ആൻഡ്രോയിഡിനായുള്ള ബീറ്റ വേർഷനിൽ കണ്ടെത്തിയിരിക്കുകയാണ്. നമ്മൾ തിരഞ്ഞെടുക്കുന്ന കോൺടാക്റ്റുകളിൽ നിന്നും നമ്മുടെ ലാസ്റ്റ് സീൻ മറച്ച് വെക്കുന്ന ഫീച്ചറാണ് ബീറ്റ പതിപ്പിൽ കണ്ടെത്തിയിരിക്കുന്നത്. നമ്മൾ അവസാനം ഓൺലൈനിൽ ഉണ്ടായിരുന്ന സമയം കാണിക്കുന്നതാണ് ലാസ്റ്റ് സീൻ ഓപ്ഷൻ.

പുതിയ വാട്സ്ആപ്പ് ഫീച്ചർ


പുതിയ വാട്സ്ആപ്പ് ഫീച്ചറുകളെ കുറിച്ച് വെളിപ്പെടുത്തുന്ന വൈബെറ്റഇൻഫോയുടെ റിപ്പോർട്ട് അനുസരിച്ച് ലാസ്റ്റ് സീൻ തിരഞ്ഞെടുത്ത കോൺടാക്റ്റുകളിൽ നിന്നും മറച്ച് വെക്കാനുള്ള പുതിയ സവിശേഷത കുറച്ച് മാസങ്ങൾക്ക് മുമ്പ് തന്നെ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോഴിത് ആപ്പിന്റെ ബീറ്റ പതിപ്പിലേക്ക് എത്തിയതായും റിപ്പോർട്ട് വ്യക്തമാക്കുന്നു. ഈ ഫീച്ചർ വാട്സ്ആപ്പിന്റെ ആൻഡ്രോയിഡ് ബീറ്റ പതിപ്പ് ഉപയോഗിക്കുന്ന ആളുകൾക്ക് മാത്രമാണ് ഇപ്പോൾ ലഭിക്കുന്നത്. തിരഞ്ഞെടുത്ത ഉപയോക്താക്കളിൽ നിന്ന് അവരുടെ 'ലാസ്റ്റ് സീൻ' മറയ്ക്കാൻ കഴിയുമെന്നാണ് സൂചനകൾ.

വാട്സ്ആപ്പ് അപ്‌ഡേറ്റുകൾ 


നേരത്തെ പുറത്ത് വന്ന വാട്സ്ആപ്പ് അപ്‌ഡേറ്റുകൾ പോലെ തന്നെ നിലവിൽ ബീറ്റ വേർഷനിൽ പരീക്ഷിച്ചുകൊണ്ടിരിക്കുന്ന ലാസ്റ്റ് സീൻ തിരഞ്ഞെടുത്ത കോൺടാക്റ്റുകളിൽ നിന്ന് മാത്രം ഹൈഡ് ചെയ്ത് വെക്കാനുള്ള ഫീച്ചർ വരും മാസങ്ങളിൽ സ്റ്റേബിൾ അപ്‌ഡേറ്റ് വഴി എല്ലാ ഉപയോക്താക്കൾക്കും ലഭ്യമാക്കുമെന്ന് പ്രതീക്ഷിക്കാം. സ്റ്റേബിൾ ആപ്പിലേക്ക് പുതിയ ഫീച്ചറുകൾ അവതരിപ്പിക്കുന്നതിൽ കമ്പനി ശ്രദ്ധ കൊടുക്കുന്നുണ്ട്. ഈ പുതിയ ഫീച്ചർ വരുന്നതോടെ കൂടുതൽ സ്വകാര്യത വാട്സ്ആപ്പ് ഉപയോക്താക്കൾക്ക് ലഭിക്കുന്നു. നിലവിൽ ലാസ്റ്റ് സീൻ എല്ലാവരിൽ നിന്നും മറച്ച് വെക്കാനുള്ള ഫീച്ചറാണ് ആപ്പിൽ ഉള്ളത്. ഇതിൽ കൂടുതൽ ഓപ്ഷൻസ് നൽകുന്നതാണ് പുതിയ ഫീച്ചർ.

ലാസ്റ്റ് സീൻ


നിലവിൽ വാട്സ്ആപ്പ് ഉപയോക്താക്കൾക്ക് അവരുടെ 'ലാസ്റ്റ് സീൻ' സ്റ്റാറ്റസ് എല്ലാവരിൽ നിന്നും മറച്ച് വെക്കാൻ സാധിക്കും. അതല്ലെങ്കിൽ അവരുടെ കോൺടാക്റ്റുകൾക്ക് മാത്രം കാണാവുന്ന രീതിൽ ആക്കാനോ മറ്റാരും കാണാത്ത രീതിയിലേക്ക് മാറ്റാനോ സാധിക്കും. പുതിയ ഫീച്ചർ എല്ലാവർക്കും ലഭ്യമായി തുടങ്ങിയിൽ ഈ സെറ്റിങ്സിൽ മറ്റൊരു ഓപ്ഷൻ കൂടി വരും. പുതിയ ഓപ്ഷൻ സ്റ്റാറ്റസ് കാണുന്ന ആളുകളെ തിരഞ്ഞെടുക്കുന്ന ഓപ്‌ഷനിലെ പോലെ ചില ആളുകളെ ഒഴിവാക്കികൊണ്ട് നമ്മുടെ കോൺടാക്റ്റ്സിലെ മറ്റ് ആളുകൾക്ക് മാത്രം ലാസ്റ്റ് സീൻ കാണാനുള്ള ഓപ്ഷൻ നൽകും. മൈ കോൺടാക്റ്റ്സ് എക്സപ്റ്റ് എന്ന ഓപ്ഷനാണ് ഇതിനായി ലഭിക്കുക.

മൈ കോൺടാക്റ്റ്സ് 
പുതിയ ഫീച്ചർ വരുന്നതോടെ മൈ കോൺടാക്റ്റ്സ് എക്സപ്റ്റ് എന്ന ഓപ്ഷൻ ലഭിക്കും. ഈ ഓപ്‌ഷൻ തിരഞ്ഞെടുക്കുമ്പോൾ നിങ്ങളുടെ സ്റ്റാറ്റസ് അപ്‌ഡേറ്റ് കാണാനുള്ള ആക്‌സസ് ആർക്കൊക്കെയാണോ നിഷേധിക്കേണ്ടത് ആ കോൺടാക്‌റ്റുകൾ തിരഞ്ഞെടുക്കാനും നിങ്ങൾക്ക് കഴിയും. ഈ ഫീച്ചറിന് മറ്റൊരു സവിശേഷത കൂടിയുണ്ട്. നിങ്ങൾ ആരെയെങ്കിലും ഇത്തരത്തിൽ ലാസ്റ്റ് സീൻ കാണുന്നതിൽ നിന്നും തടഞ്ഞാൽ അവരുടെ ലാസ്റ്റ് സീൻ നിങ്ങൾക്കും കാണാൻ സാധിക്കുകയില്ല. നിങ്ങൾ ആരിൽ നിന്നും ലാസ്റ്റ് സീൻ മറച്ചുവോ അവരുടെ ലാസ്റ്റ് സീൻ നിങ്ങൾക്ക് കാണാൻ സാധിക്കില്ല എന്നത് സ്റ്റാറ്റസ് മറച്ച് വെക്കുന്ന ഫീച്ചറിൽ ഉള്ള അതേ രീതിയാണ് പ്രവർത്തിക്കുന്നത്.

വാട്സ്ആപ്പിൽ വരാൻ പോകുന്ന മറ്റ് ഫീച്ചറുകൾ


അടുത്തിടെ വന്ന റിപ്പോർട്ടുകളിൽ വാട്സ്ആപ്പ് ഒരു കമ്മ്യൂണിറ്റി ഫീച്ചർ പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ് എന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. വാട്സ്ആപ്പ് പുതിയ സ്വകാര്യതാ നയവുമായി ബന്ധപ്പെട്ട വിവാദങ്ങിളിൽ ആയിരുന്ന സമയത്ത് നേട്ടമുണ്ടാക്കിയ ടെലിഗ്രാം, സിഗ്നൽ എന്നിവ പോലുള്ള എതിരാളികളെ നേരിടാനാണ് ഇത്തരമൊരു ഫീച്ചർ അവതരിപ്പിക്കാൻ വാട്സ്ആപ്പ് ശ്രമിക്കുന്നത്. കമ്മ്യൂണിറ്റീസ് ഫീച്ചർ ഗ്രൂപ്പ് അഡ്മിൻമാർക്ക് കൂടുതൽ അധികാരം നൽകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നിലവിലുള്ള ഗ്രൂപ്പുകൾക്ക് അകത്ത് തന്നെ ഗ്രൂപ്പുകൾ ഉണ്ടാക്കാൻ ഗ്രൂപ്പ് അഡ്മിൻമാരെ സഹായിക്കുന്ന ഫീച്ചറായിരിക്കും ഇത്.

ഡിസ്‌കോർഡ് കമ്മ്യൂണിറ്റിക്ക് കീഴിൽ ചാനലുകൾ വിഭജിച്ചിരിക്കുന്നതുപോലെ തന്നെയാണ് വാട്സ്ആപ്പ് കമ്മ്യൂണിറ്റി ഫീച്ചറും പ്രവർത്തിക്കുന്നത്. കമ്മ്യൂണിറ്റി ഇൻവൈറ്റ് ലിങ്ക് വഴി പുതിയ ഉപയോക്താക്കളെ ക്ഷണിക്കാനും പരസ്പരം കണക്റ്റ് ചെയ്യാനും ഈ ഫീച്ചർ അഡ്മിൻമാരെ സഹായിക്കും. എന്നിരുന്നാലും, കമ്മ്യൂണിറ്റി ചാറ്റുകൾ എങ്ങനെയായിരിക്കുമെന്ന കാര്യത്തിൽ ഇതുവരെ സൂചനകൾ ഒന്നും തന്നെ ലഭിച്ചിട്ടില്ല. എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ ഉപയോഗിച്ച് ഈ ചാറ്റുകൾ സുരക്ഷിതമാകുമെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. അതുകൊണ്ട് തന്നെ കമ്മ്യൂണിറ്റി ഫീച്ചറിലുള്ള എല്ലാ ചാറ്റുകളും ലോക്ക് ചെയ്യപ്പെടും. അയയ്‌ക്കുന്നവർക്കും സ്വീകരിക്കുന്നവർക്കും അല്ലാതെ മറ്റാർക്കും ഈ മെസേജുകൾ കാണാൻ കഴിയില്ല. വാട്സ്ആപ്പിന് പോലും ഇതിലേക്ക് ആക്സസ് ലഭിക്കില്ല.
 
റിപ്പോർട്ടുകൾ പ്രകാരം വാട്സ്ആപ്പ് കമ്മ്യൂണിറ്റീസ് ഫീച്ചറിന് കീഴിലുള്ള ചാറ്റുകൾ പതിവ് വാട്സ്ആപ്പ് ഗ്രൂപ്പ് സംഭാഷണങ്ങളെ അപേക്ഷിച്ച് ഡിസൈനിൽ ചില മാറ്റങ്ങളോടെയായിരിക്കും വരുന്നത്. വൃത്താകൃതിയിലുള്ള ചാറ്റ് ഐക്കണുകൾക്ക് പകരം കമ്മ്യൂണിറ്റി ഐക്കണുകൾ ചതുരാകൃതിയിൽ ആയിരിക്കും ഉണ്ടാവുക എന്നും സൂചനകൾ ഉണ്ട്. നിലവിൽ, ഈ ഫീച്ചർ എല്ലാ ഉപയോക്താക്കൾക്കും ഔദ്യോഗികമായി എപ്പോൾ ലഭ്യമാക്കും എന്ന കാര്യത്തെ കുറിച്ച് വ്യക്തത ഇല്ല. 2021 അവസാനമോ 2022 ആദ്യമോ ഈ ഫീച്ചർ എല്ലാ ഉപയോക്താക്കൾക്കുമായി ലഭ്യമാക്കുമെന്ന് പ്രതീക്ഷിക്കാം.

Post a Comment

Previous Post Next Post

 Advertisement